ഓഫീസും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ ഇനി പിടി വീഴും

post

ഗ്രീന്‍ ഓഡിറ്റിങിനായി ഹരിത കേരളവും ശുചിത്വ മിഷനും എത്തുന്നു

മലപ്പുറം: ഓഫീസും പരിസരവും വൃത്തിയുള്ളതായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസുകളിലെ ഹരിത പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ ഓഡിറ്റിങ് നടത്തി പരിശോധിക്കുന്നതിനായി ഹരിത കേരളവും ശുചിത്വ മിഷനും ഈ മാസം മുതല്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലുമെത്തും. സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത നിയമങ്ങള്‍ വിലയിരുത്തി ഹരിത ഓഫീസ് പുരസ്‌കാരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ ഓഡിറ്റിങ് നടത്തുന്നത്. 

ജില്ലാതല ഓഫീസുകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തിലും ഓഡിറ്റിങ് നടത്തും. ഉദ്യോഗസ്ഥരും റിസോഴ്‌സ് പേഴ്‌സണ്‍മാരും അടങ്ങുന്ന സംഘം ഓഫീസ് സന്ദര്‍ശിച്ച് മൊബൈല്‍ ആപ്പ് മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഇതിനായി 39 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യാവലികള്‍ നേരത്തെ തന്നെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും നല്‍കി കഴിഞ്ഞു. ഓരോ ചോദ്യത്തിനും പ്രത്യേക മാര്‍ക്കാണ് നല്‍കുക. തുടര്‍ന്ന് ഓരോ ഓഫീസിനും ലഭിച്ച ആകെ മാര്‍ക്ക് പരിശോധിച്ച് എ, ബി, സി ഗ്രേഡില്‍ വിലയിരുത്തും. മോശം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് സി ഗ്രേഡ് ലഭിച്ച ഓഫീസിന് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയം നല്‍കും. സമയത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കും. എ ഗ്രേഡ് ലഭിച്ച ഓഫീസുകള്‍ക്ക് ഹരിത അവാര്‍ഡ് നല്‍കി ആദരിക്കും.

നോഡല്‍ ഓഫീസറുടെ നിയമനം, ജൈവ - അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെക്കാന്‍ സൗകര്യം, ജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനം, അജൈവ മാലിന്യം യഥാസമയം കൈമാറ്റം ചെയ്യല്‍, ഇ-മാലിന്യം, പേപ്പര്‍, ഫര്‍ണിച്ചര്‍ വൃത്തിയാക്കി അടുക്കി സൂക്ഷിക്കല്‍, ദ്രവ മാലിന്യം സംസ്‌ക്കരണത്തിന് സെപ്റ്റിക് ടാങ്ക്, സോക്കേജ് പിറ്റ്, ഡ്രെയിനേജ് സംവിധാനം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറി, അംഗ പരിമിതര്‍ക്ക് സഹായകരമായ ശുചിമുറി, നാപ്കിന്‍ നിക്ഷേപിക്കുന്നതിന് ശുചിമുറി, ജൈവ മാലിന്യം വളമാക്കി പച്ചക്കറി പുന്തോട്ടത്തില്‍ ഉപയോഗിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യവലി തയ്യാറാക്കിയിട്ടുള്ളത്. മാര്‍ച്ച് അവസാനത്തോടുകൂടി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രേഡിങ് നടത്തി വിലയിരുത്തും.