പയ്യന്നൂർ നഗരസഭ മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കുന്നു

പയ്യന്നൂർ നഗരസഭ ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആരോഗ്യ ഗ്രാന്റ് വിനിയോഗിച്ച് മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കുന്നു. 2021-22 പദ്ധതിപ്രകാരം അനുവദിച്ച 1.33 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പയ്യന്നൂർ, കാനായി, വെള്ളൂർ എന്നിവിടങ്ങളിൽ അർബൻ വെൽനസ് ക്ലിനിക്കുകളും മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി അർബൻ പോളിക്ലിനിക്കുമാണ് ആരംഭിക്കുന്നത്. കാനായി തോട്ടം കടവിലും വെള്ളൂരിൽ ചന്തൻ കുഞ്ഞി ഹാളിന് സമീപവും പയ്യന്നൂർ മമ്പലത്തുമാണ് പുതിയ അർബൻ വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സെന്റർ ആരംഭിക്കുന്നതിനുമായി 41 ലക്ഷം രൂപ വീതം മൂന്ന് അർബൻ വെൽനസ് കേന്ദ്രങ്ങൾക്കും, മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിന് പുറമേ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ 4.5 ലക്ഷം, മരുന്നുകൾ വാങ്ങാൻ 1.67 ലക്ഷം, മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മരുന്നുകൾക്കായി ഒരു ലക്ഷം, 13 കുടുംബക്ഷേമ കേന്ദ്രങ്ങൾക്കായി 3.9 ലക്ഷം ഉൾപ്പടെ 2.65 കോടി രൂപയുടെ കർമ്മ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായായി സമർപ്പിച്ചിട്ടുണ്ട്. പദ്ധതി അംഗീകാരം ലഭിക്കുന്നതോടെ നഗരസഭക്ക് കീഴിൽ ആരോഗ്യരംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത പറഞ്ഞു.