മൈനാഗപ്പള്ളിയുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്

post

റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് 49.98 കോടിയുടെ ഭരണാനുമതി



ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൈനാഗപ്പള്ളിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് ഭരണാനുമതി. 49.98 കോടിയുടെ അനുമതി ലഭിച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ വ്യക്തമാക്കി. നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. സര്‍വ്വേ നടപടികള്‍ക്കായി സ്പെഷ്യല്‍ ടീമിനെ നിയമിക്കും. സര്‍വ്വേ പൂര്‍ത്തിയാകുന്നതിനൊപ്പം ഉടമകളില്‍ നിന്നും വസ്തു ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം. അടുത്തടുത്തു കിടക്കുന്ന റെയില്‍വേ ഗേറ്റുകളില്‍ കുടുങ്ങി മൈനാഗപ്പള്ളി ഗ്രാമത്തിന്റെ വികസനം തന്നെ വഴിമുട്ടിയിരുന്നു. മാളിയേക്കലില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. രണ്ട് മേല്‍ പാലങ്ങളും പൂര്‍ത്തിയാകുന്നതോടെ, ഗതാഗത രംഗത്തും വികസന രംഗത്തും വന്‍ മാറ്റം ഉണ്ടാകും. മൈനാഗപ്പള്ളി തടത്തില്‍മുക്കില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചതോടെ ജനങ്ങളുടെ ചിരകാല സ്വപ്നവും പൂവണിയുകയാണ്.