കയര്‍ ഭൂവസ്ത്ര വിതാനം;ബ്ലോക്ക് തല സെമിനാര്‍

പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതിയുടെ ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം. ശിവപ്രസാദ് നിര്‍വഹിച്ചു.
2021-22 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്ര വിതാനം ചെയ്ത് മാതൃകയായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വെളിയം, പൂയപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. കയര്‍ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് കയര്‍ ഭൂവസ്ത്ര വിതാനം നടപ്പിലാക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപനില കുറയ്ക്കുന്നതിനും തോടുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ തീര സംരക്ഷണത്തിനും കയര്‍ ഭൂവസ്ത്രം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു