പളിയക്കുടി വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

10 കോടിയുടെ പുസ്തകങ്ങൾ വിവിധ സ്കൂളുകളിൽ എത്തിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി
കുമളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പളിയക്കുടിയിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അക്ഷരജ്യോതി വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഗ്രന്ഥശാല നിർമ്മിക്കുകയും പുസ്തകങ്ങൾ സജ്ജമാക്കുകയും ചെയ്തതിൽ പഞ്ചായത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മനുഷ്യൻ വായിച്ചു വളരണമെന്നും നാം എന്താണെന്നുള്ള തിരിച്ചറിവ് വായനയിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ (പഞ്ചായത്ത് പ്രസിഡന്റ്) ശാന്തി ഷാജിമോന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും10 ലക്ഷം രൂപ ചെലവഴിച്ചാണ് വായനശാല കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. കൂടാതെ 2 ലക്ഷം രൂപ അധികം അനുവദിച്ച് പുസ്തകങ്ങളും ഫർണിച്ചറുകളും ഒരുക്കി.
ഓരോ ഗ്രന്ഥശാലയും ആ പ്രദേശത്തെ പ്രകാശവും പ്രതീക്ഷയുമാണ്. വായനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും നമ്മുടെ സമൂഹത്തിലെ വിളക്കുകൾ ആണ്. ഇന്റർനെറ്റ് കാലത്ത് വായനയ്ക്കും ആധുനികകാല സ്വഭാവം കൈവന്നു. ഇന്ന് മാഗസിനുകളും മറ്റും പിഡിഎഫ് ഫോർമാറ്റുകളിലും ലഭ്യമാണ്. ഇ - വായന ആയാലും വായിക്കുക എന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.
10 കോടി രൂപയുടെ പുസ്തകങ്ങൾ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ എത്തിച്ചത്. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സ്കൂളുകൾ മുൻകൈയെടുത്ത് പ്രത്യേക ക്യാമ്പയിനുകൾ നടത്തേണ്ടതുണ്ട് . ഈ അധ്യയന വർഷം തന്നെ ഈ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു.