ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ ജില്ല മുന്നില്‍: 14 ഇടത്ത് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തന പുരോഗതിയില്‍ സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്തെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുമെന്നും വ്യക്തമാക്കി. 2023 അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ആവിഷ്‌കരിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനം നടത്തണം.
നിലവിലെ പുരോഗതി, അംഗീകാരം നല്‍കിയ കണക്ഷനുകളുടെ റിവിഷന്‍, പുതിയ ഇടങ്ങളില്‍ ആരംഭിക്കാനുള്ള നടപടിക്രമം എന്നിവയും വിലയിരുത്തി. പദ്ധതിക്കായി ലഭ്യമാക്കേണ്ട 14 സര്‍ക്കാര്‍ ഭൂമികളില്‍ ഒന്നൊഴികെ ലഭ്യമായി. ഏഴ് സ്വകാര്യഭൂമികള്‍ വിട്ടുകിട്ടുന്നതിന് നടപടികള്‍ സ്വീകരിക്കും. നീണ്ടകര, ആലപ്പാട്, പടിഞ്ഞാറേ കല്ലട, മണ്‍ട്രോതുരുത്ത് എന്നീ പഞ്ചായത്തുകള്‍ക്ക് ഹര്‍ഘര്‍ ജല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും.
പദ്ധതിയുടെ ഭാഗമായി ഉത്പാദന ഘടകങ്ങളായ ജലശുദ്ധീകരണശാല, കിണറുകള്‍, ജലസംഭരണികള്‍ എന്നിവയുടെ ഡിസൈന്‍, ഡ്രോയിങ് തുടങ്ങിയവ തയ്യാറാക്കുന്നതിനായി രണ്ടുമാസ കാലയളവിലേക്ക് 10 സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കാന്‍ തീരുമാനമായി. റോഡ് കട്ടിംഗ്, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി അനുമതി ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പഞ്ചായത്ത്-വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.