മാലിന്യസംസ്കരണത്തിന് സ്മാർട്ട് മാതൃക ഒരുക്കാൻ കാരാകുറുശ്ശി പഞ്ചായത്ത്

കാരാകുറുശ്ശി പഞ്ചായത്തിൽ ഹരിതമിത്രം-സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ്- വിവരശേഖരണവും ക്യുആർ കോഡ് പതിപ്പിക്കലും നടന്നു. ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഊർജ്ജിതവുമാക്കുന്നതിനായി സജ്ജീകരിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം-സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം.
മാലിന്യ ശേഖരണം, സംസ്കരണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പദ്ധതിയിൽ പഞ്ചായത്തിലെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടും. ഓരോ വീട്ടിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും മനസിലാക്കാൻ മൊബൈൽ ആപ്ലിക്കേഷനിലൂടെ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിലാസം, മാലിന്യത്തിന്റെ അളവ്, തരം, റേഷൻ കാർഡ് വിവരങ്ങൾ എന്നിവ ചോദിച്ചറിഞ്ഞ് മാപ്പിങ് നടത്തി ഡിജിറ്റലൈസേഷനു ശേഷം ഓരോ വീടിനും സ്ഥാപനത്തിനും പ്രത്യേകം ക്യുആർ കോഡ് പതിപ്പിക്കുന്ന പ്രവർത്തനമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഒക്ടോബർ ഏഴ് മുതലാണ് പഞ്ചായത്തിൽ പദ്ധതി ആരംഭിച്ചത്. കോഡ് സ്ഥാപിച്ചു കഴിഞ്ഞാൽ തൊട്ടടുത്ത മാസം മുതൽ മാലിന്യശേഖരണ വിവരവും ഫീസ് ഈടാക്കലും ഡിജിറ്റലൈസ് ആക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.