ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കാന്‍ പദ്ധതി

കണ്ണൂർ: ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിനോടനുബന്ധിച്ച് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. സംഘാടക സമിതി ചെയര്‍മാന്‍ കുടിയായ വി ശിവദാസന്‍ എം പിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്ന പ്രശ്‌നമുണ്ട്. അത് പരിഹരിക്കാന്‍ താമസമില്ലാതെ അടച്ചിട്ട വീടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ തയ്യാറുള്ളവരുടെ പട്ടിക തയ്യാറാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമെ ഫാം ടൂറിസം കേന്ദ്രങ്ങള്‍, പാരമ്പര്യ കലാ കേന്ദ്രകള്‍, മികച്ച ഗ്രന്ഥാലയങ്ങള്‍, കാവുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്താനുള്ള നെറ്റ് വര്‍ക്ക് ശ്യംഖലയും രൂപപ്പെടുത്തും. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിനോദസഞ്ചാര രംഗത്തെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നവംബര്‍ 4ന് ശില്‍പ്പശാല സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ info@dtpckannur.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിനെത്തുന്നവര്‍ക്കുള്ള പ്രത്യേക ടൂര്‍ പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മെയില്‍ വഴി അറിയിക്കാം. ഫോണ്‍: 04972706336, 9744333345. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് ലൈബ്രറി കോണ്‍ഗ്രസ് നടക്കുക. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഫാം ടൂറിസം പ്രതിനിധികള്‍, ഹോം സ്റ്റേ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.