പുനർഗേഹം പദ്ധതി: മത്സ്യത്തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം 16ന്

സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്ണിയാലിൽ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് 16 കുടുംബങ്ങൾക്കായുളള പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഒക്ടോബർ 16ന് രാവിലെ 10ന് മത്സ്യബന്ധനം- കായികം, വകുപ്പ് വി.അബ്ദുറഹിമാൻ നിർവഹിക്കും.
തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 40 മീറ്റർ പരിധിക്കുളളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം പദ്ധതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കൽ.
പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്ത് ഉണ്ണിയാലിൽ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 16 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് 1.99 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. തുറമുഖ എഞ്ചിനീയറിങ് വകുപ്പാണ് നിർവഹണ ഏജൻസി. പരിപാടിയിൽ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.