വരുന്നു... ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ്

post

വയനാട് ജില്ലയില്‍ ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി വരുന്നു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളെ സ്മാര്‍ട്ടാക്കി ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹാകരമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ വിവിധോദേശ്യ പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ പഠന മുറികള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലാക്കി മാറുന്നതോടെ ടെലി - എജ്യുക്കേഷന്‍, ഇ - ലിറ്ററസി നടപ്പിലാകും.

പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും പദ്ധതിയിലൂടെ സജ്ജീകരിക്കും. ഒക്‌ടോബര്‍ 16 ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.