ഗ്രീൻഫീൽഡ് ; എളങ്കൂരിൽ അതിർത്തി നിർണയം പൂർത്തിയായി

post

കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് പാതയുടെ അതിർത്തി കല്ലിടൽ ജില്ലയിൽ പുരോഗമിക്കുന്നു. പാതകടന്നുപോകുന്ന എളങ്കൂർ വില്ലേജിലെ അതിർത്തി നിർണയം പൂർത്തിയായി. എളങ്കൂർ വില്ലേജിലൂടെ 5.4 കിലോമീറ്റർ ദൂരത്തിലാണ് ഗ്രീൻഫീൽഡ് ദേശീയപാത കടന്നുപോകുന്നത്. അതിർത്തികൾ നിർണയിച്ച ഇടങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.

ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിൽ ഓരോ അൻപത് മീറ്ററിലുമാണ് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ എളങ്കൂർ വില്ലേജിൽ 218 കല്ലുകളാണ് സ്ഥാപിക്കുന്നത്. ചാരങ്കാവിൽ നിന്ന് എളങ്കൂർ വില്ലേജിലേക്ക് കയറുന്ന ഗ്രീൻഫീൽഡ് പാത തുടർന്ന് പുലത്തുവച്ചു കാരക്കുന്ന് വില്ലേജിലേക്ക് കടക്കും.

ഗ്രീൻഫീൽഡ് പാതയുടെ ഭൂമി ഏറ്റെടുക്കുന്നതിന് മികച്ച പിന്തുണയാണ് എളങ്കൂരിലെ ജനപ്രതിനിധികളും നാട്ടുകാരും നൽകുന്നത്. പാതകടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളുടെ ആശങ്കകൾ ആകറ്റിയാണ് അതിർത്തി കല്ലിടൽ പുരോഗമിക്കുന്നതെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.

എളങ്കൂർ വില്ലേജിലെ ചാരങ്കാവ് മുതൽ കാരക്കുന്ന് വില്ലേജിലെ പുലത്ത് വരെനീളുന്ന പുതിയപാത നാല് പ്രധാന പാതകളെ കുറുകെ കടക്കും. ചാരങ്കാവ് - പേലേപ്പുറം റോഡ്, പേലേപ്പുറം - എളങ്കൂർ റോഡ്, മഞ്ചേരി - എളങ്കൂർ- വണ്ടൂർ റോഡ്, എളങ്കൂർ - കാരക്കുന്ന് എന്നീ റോഡുകൾക്ക് കുറുകെയാണ് പുതിയ ദേശീയപാത കടന്നുപോകുക. ഇത് ആ ഭാഗങ്ങളുടെ വികസനത്തിനും വഴിവയ്ക്കും. ജില്ലയിലെ നാല് താലൂക്കുകളിലെ 15 വില്ലേജുകളിൽ നിന്നാണ് ഗ്രീൻഫീൽഡ് പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത്.

അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷമാണ് നഷ്ടപരിഹാരമുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. പദ്ധതിയ്ക്കായി ഭൂമി നഷ്ടപ്പെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം നൽകും. ദേശീയപാത 66 ന്റെ നവീകരണത്തിന് സ്വീകരിച്ച മാനദണ്ഡങ്ങളാകും ഗ്രീൻഫീൽഡ് പാതയ്ക്കും സ്വീകരിക്കുക.