യോദ്ധാവ് പദ്ധതി: പ്രവർത്തന മികവിന് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

ഇടുക്കി ജില്ലയിൽ യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസിന്റെ ആദരവ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചു. മികച്ച പ്രവർത്തനത്തിന് വകുപ്പ് നൽകുന്ന സദ്സേവന പത്രവും ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു.
തൊടുപുഴ ഡി.വൈ.എസ്.പി. മധു ബാബു, കരിമണ്ണൂർ ഐ.പി. സുമേഷ് സുധാകരൻ, തൊടുപുഴ എസ്.ഐ കൃഷ്ണൻ നായർ, കഞ്ഞിക്കുഴി എസ്.ഐ അജി അരവിന്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനുകുമാർ (മറയൂർ), സുനിൽ കുമാർ (കട്ടപ്പന ), ഷരീഫ് പി. എ. (കരിമണ്ണൂർ) എന്നിവർക്കാണ് ആദരവ് ലഭിച്ചത്.
കൂടാതെ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയ ഇടുക്കി ഡി.എച്ച്.ക്യു. ക്യാമ്പ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബെന്നി കെ. മാമ്മൻ, മാനേശ്വറിൽ നടന്ന എൻ.എസ്.ജി ബോംബ് നിർവീര്യമാക്കൽ പരിശീലനം വിജയകരമായി പൂർത്തികരിച്ച സിവിൽ പോലീസ് ഓഫീസർമാരായ ബിനു എൻ.ജെ (ഇടുക്കി ഡി.എച്ച്.ക്യു. ക്യാമ്പ്), ഗ്രെയ്സൺ ആന്റണി (കമ്പംമെട്ട് പി.എസ്.) എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും സദ്സേവന പത്രം സമ്മാനിക്കുകയും ചെയ്തു.