ഫയല്‍ തീര്‍പ്പാക്കലില്‍ കാര്യമായ പുരോഗതി: ഇതുവരെ തീര്‍പ്പാക്കിയത് 1,18,854 ഫയലുകള്‍

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലയില്‍ 1,18,854 ഫയലുകളാണ് തീര്‍പ്പാക്കിയത്. വാട്ടര്‍ അതോറിറ്റി, ഹാര്‍ബര്‍ എന്‍ജിനീയറിങ്, മണ്ണ് സംരക്ഷണ ഓഫീസുകള്‍ 100 ശതമാനം ഫയലുകളും തീര്‍പ്പാക്കി. ഇതര വകുപ്പുകളും 60 മുതല്‍ 85 ശതമാനത്തിലേറെ പുരോഗതി നേടിയിട്ടുണ്ട്.ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കൈവരിച്ച കാര്യമായ പുരോഗതിയില്‍ സംതൃപ്തി അറിയിച്ച് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍. ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ തുടര്‍ പ്രവര്‍ത്തനവും സമാന രീതിയല്‍ നടത്തി എല്ലാ ഫയലുകളും സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഓഡിറ്റ്, കോടതിയുടെ പരിഗണനയില്‍ ഉള്ളവ തീര്‍പ്പാക്കി വരികയാണ്. ഫയല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ ഓഫീസ് മേധാവികള്‍ അപ്‌ഡേറ്റ് ചെയ്യണം. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ കാലതാമസം വരുന്നില്ലായെന്ന് ഉറപ്പാക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാതൃകയില്‍ പ്രവര്‍ത്തനം തുടരാനായാല്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കൂടുതല്‍ വേഗത കൈവരിക്കാനാകും മന്ത്രി വ്യക്തമാക്കി.