വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം: ആമ്പുലേറ്ററി ക്യാമ്പുകൾ 13 മുതൽ

post

കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഒക്ടോബർ 13 മുതൽ ആമ്പുലേറ്ററി ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു.അബ്ദുൾ അസീസ് അറിയിച്ചു. ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ 9 മണിക്ക് നിലമ്പൂരിൽ നടക്കും.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മൃഗാശുപത്രികൾ ഉണ്ടെങ്കിലും ചില പ്രദേശത്തുകാർക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം പ്രദേശങ്ങൾ കണ്ടെത്തി മൃഗചികിതിസാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മൊബൈൽ ആമ്പുലേറ്ററി സൗകര്യങ്ങളോട് കൂടിയ ക്യാമ്പുകളും മരുന്നു വിതരണവും നടത്തുവാനാണ് പദ്ധതി.

ഇത്തരം ക്യാമ്പുകളിൽ എല്ലാതരത്തിലുള്ള മൃഗചികിത്സകളും ഗർഭ പരിശോധന, വന്ധ്യതാപരിശോധന തുടങ്ങിയവും ലഭ്യമാവും. കർഷകർക്ക് വേണ്ടി ബോധവല്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും. ഒക്ടോബർ 13 നിലമ്പൂർ, 20ന് കരുവാരക്കുണ്ട്, 27ന് തവനൂർ, നവംബർ 3ന് ആലിപ്പറമ്പ്, 10ന് എടപ്പാൾ, 17ന് താനൂർ, 24ന് എ.ആർ നഗർ എന്നിങ്ങനെയാണ് ക്യാമ്പുകൾ നടക്കുക.