മത്സ്യത്തൊഴിലാളി വനിതകൾക്ക് സംരംഭം തുടങ്ങാം

post

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ-സാഫ് മുഖേന നടപ്പാക്കുന്ന സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് അപേക്ഷിക്കാം. രണ്ട് മുതൽ അഞ്ച് പേർ വരെയുള്ള ഗ്രൂപ്പുകൾക്കാണ് അവസരം. അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസിൽ ഉൾപ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം.

പ്രായപരിധി 50 വയസ്സ്. വിധവകൾ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി എന്നീ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ മേൽപറഞ്ഞ ഓഫീസുകളിൽ ഒക്ടോബർ 22നകം സമർപ്പിക്കണം. മുമ്പ് സാഫിൽ നിന്ന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 7902502030, 9947372484, 0497 2732487.