ലൈഫ് മിഷന് പൂര്‍ത്തീകരണ പ്രഖ്യാപനം :ആഘോഷമാക്കി തദ്ദേശ സ്ഥാപനങ്ങള്‍

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ആഘോഷമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്തുതലത്തിലും അതേസമയം പരിപാടികള്‍ സംഘടിപ്പിച്ചു.
എടത്തുരുത്തി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഭവന പൂര്‍ത്തീകരണ പ്രഖ്യാപനവും ഒരുമിച്ചാണ് നടന്നത്. കാളിക്കുട്ടി സ്മാരക ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. പഞ്ചായത്തിലെ 109 ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വി സതീശന് സെക്രട്ടറി ടി എഫ് സെബാസ്റ്റ്യന്‍, വി ഇ ഒ മനേഷ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ലൈഫ് മിഷന് സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി പുഴയ്ക്കല്‍, ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ലൈഫ് സംഗമം നടത്തി. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ കോലഴി, അവണൂര്‍, അടാട്ട്, മുളങ്കുന്നത്തുകാവ്, കൈപ്പറമ്പ്, തോളൂര്‍, ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കടവല്ലൂര്‍, കടങ്ങോട്, കാട്ടകാമ്പാല്‍, ചൊവന്നൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, പോര്‍ക്കുളം, വേലൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ലൈഫ് മിഷന് സംഗമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാര്‍, ലൈഫ് മിഷന് ചുമതലയുള്ള വി ഇ ഒ മാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, ഇളവള്ളി ഗ്രാമപഞ്ചായത്തുകളിലും ഇരിക്കാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മുരിയാട്, കാട്ടൂര്‍, പറപ്പൂക്കര, കാറളം എന്നീ പഞ്ചായത്തുകളിലുമാണ് കുടുംബ സംഗമവും പ്രഖ്യാപനത്തിന്റെ തത്സമയ പ്രദര്‍ശനവും നടന്നത്. സംഗമത്തില്‍ ലൈഫ്മിഷന് ഗുണഭോക്താക്കളും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും പങ്കെടുത്തു.