കായകല്‍പ്പ് പുരസ്‌കാര നേട്ടത്തില്‍ പൊന്നാനി മാതൃ ശിശു ആശുപത്രി

post

മലപ്പുറം:  മികച്ച ശുചിത്വ പരിപാലനവും  അണുബാധ നിയന്ത്രണവും നടത്തുന്ന  ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2019 ലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌കാര നേട്ടത്തിലാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി. ജില്ലാതല ആശുപത്രികളില്‍ 91.92 ശതമാനം മാര്‍ക്ക് നേടിയാണ്  പൊന്നാനി മാതൃ ശിശു ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 50 ലക്ഷം രൂപയാണ് സമ്മാനം.
2018 ഡിസംബര്‍ 30 നാണ് പുതുവത്സര സമ്മാനം പോലെ   മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃ-ശിശു ആശുപത്രി പൊന്നാനിക്കാര്‍ക്ക് സമര്‍പ്പിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ആരോഗ്യ- സാമൂഹ്യആരോഗ്യ - സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, മുന്‍ മന്ത്രി പാലോളി  മുഹമ്മദ് കുട്ടി,  മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം ഇതിന് സാക്ഷ്യം വഹിച്ചു.
കിടത്തി ചികിത്സയ്ക്ക് ആകെയൊരു താലൂക്ക് ആശുപത്രി മാത്രമുള്ള പൊന്നാനി മണ്ഡലത്തില്‍ മാതൃ ശിശു ആശുപത്രിയുടെ പ്രവര്‍ത്തനം ആരോഗ്യരംഗത്തെ മികച്ച മുന്നേറ്റമാണ്. ജില്ലയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും തൊട്ടടുത്ത ജില്ലകളായ പാലക്കാട്, തൃശ്ശൂരില്‍ നിന്നും നിരവധി പേരാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്.
3 കോടി രൂപ ചെലവഴിച്ചാണ്  ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ -ശിശു ആശുപത്രി  സജ്ജമാക്കിയിരിക്കുന്നത്. 2017 ല്‍ സര്‍ക്കാര്‍ 84 തസ്തികകളാണ് ആശുപത്രിയിലേക്ക് അനുവദിച്ചത്. 40 ഓളം താത്ക്കാലിക ജീവനക്കാരും ഇവിടെയുണ്ട്. കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള അഞ്ച് എ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിങ്, ഫാര്‍മസി, എക്സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍,  അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് മാതൃ ശിശു ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 3500 ഓളം പ്രസവങ്ങളാണ് നടന്നിരിക്കുന്നത്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിംങ്  തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസവാനന്തരം  അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് സൗജന്യയാത്ര പദ്ധതിയായ  'മാതൃയാന'ത്തിന്റെ ജില്ലാതല  ഉദ്ഘാടനം പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചത്. മികച്ച ഡോക്ടര്‍മാരുടെ സേവനം, നഴ്സുമാരുടെ പരിചരണം, സ്വകാര്യ ആശുപത്രികളേക്കാള്‍ നല്ല സൗകര്യവും അന്തരീക്ഷവും തുടങ്ങിയവയെല്ലാം ഓരോ കുഞ്ഞിന്റെയും ജനനവും അമ്മമാരുടെ ആരോഗ്യവും ഇവിടെ സുരക്ഷിതമാക്കുകയാണ്.