സ്‌കൂള്‍ കുട്ടികളില്‍ കുഷ്ഠരോഗം കണ്ടെത്താന്‍ ബാലമിത്ര പദ്ധതി

post


കുട്ടികളിലെ കുഷ്ഠരോഗ ബാധ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ബാലമിത്ര പദ്ധതി ജില്ലയില്‍ വിപുലമായി നടപ്പാക്കും. പദ്ധതി നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാതല യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ബാലമിത്ര പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കുഷ്ഠരോഗ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കും.

പരിശീലനം ലഭിച്ച അധ്യാപകര്‍ ക്ലാസിലെ കുട്ടികള്‍ക്ക് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ ബോധവല്‍കരണം നല്‍കും. തുടര്‍ന്ന് സ്വയം പരിശോധനയോ രക്ഷിതാക്കളുടെ സഹായത്തോട് കൂടിയോ പരിശോധനക്ക് വിധേയമായ ശേഷം രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്ലാസിലെ അധ്യാപകനെ അറിയിക്കാന്‍ ആവശ്യപ്പെടും. ഇപ്രകാരം ലഭിച്ച കുട്ടികളുടെ കണക്ക് അധ്യാപകര്‍ അതാത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കും. ജില്ലയില്‍ നിലവില്‍ കുഷ്ഠരോഗ ചികിത്സയിലുള്ള 29 പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്.