'നീരുറവ്' ജലസംരക്ഷണത്തിന്റെ പുതിയ മാതൃക

post

ഭൂജല സംരക്ഷണത്തിന് സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുമായി നവകേരളം മിഷന്‍. ഭൂജല ശോഷണം അതീവ പ്രതിസന്ധി സൃഷ്ടിക്കുന്ന ജില്ലയില്‍ ഭൂജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും നീരുറവ് നടപ്പിലാക്കും. നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവുമാണ് നീരുറവിലൂടെ ലക്ഷ്യമിടുന്നത്. ചെക്ക് ഡാമുകള്‍, കിണര്‍ റീചാര്‍ജ്, ഫലവൃക്ഷ കൃഷിയിടങ്ങള്‍, പുരയിടങ്ങളില്‍ മഴക്കുഴി, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.


ഓരോ പുഴയുടെയും മുഴുവന്‍ നീര്‍ച്ചാലുകളെയും കണ്ടെത്തി ജല, മണ്ണ് സംരക്ഷണ പദ്ധതികള്‍ തയ്യാറാക്കും. പരമ്പരാഗത നിര്‍മിതിക്ക് പുറമെ പ്രാദേശികമായി ലഭിക്കുന്ന സാധന സാമഗ്രികള്‍ ഉപയോഗിച്ചും നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഴുവന്‍ വൃഷ്ടി പ്രദേശങ്ങളിലും മണ്ണ്, ജല സംരക്ഷണത്തിനും, കൃഷിക്കും, ഭൂമി ഹരിതാഭമാക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കും.


കാസര്‍കോട് സ്ഥിതി സങ്കീര്‍ണം

കാസര്‍കോട് ബ്ലോക്ക് ഭൂജല വിനിയോഗത്തില്‍ 90 ശതമാനവും കടന്ന് അതീവ സങ്കീര്‍ണമായ അവസ്ഥയിലാണ്. മഞ്ചേശ്വരം ബ്ലോക്ക് 80 ശതമാനം കടന്നു. കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്ക് 70 ശതമാനം കടന്നു. ഈ സാഹചര്യത്തില്‍ നീരുറവ് പദ്ധതി അതീവ പ്രാധാന്യത്തോടെയാണ് ജില്ലയില്‍ നടപ്പാക്കുക. ഇതിനായി ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ വിപുലമായ സംഘാടക സമിതിയും ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏകോപന സമിതിയും രൂപീകരിക്കും. മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തുന്ന നീര്‍ത്തട ഗ്രാമസഭകളായിരിക്കും കര്‍മപദ്ധതി അംഗീകരിക്കുക. നീര്‍ത്തട മാപ്പ് പുതുക്കുന്നതിന് വിവിധങ്ങളായ സാങ്കേതിക സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്.


പ്രാദേശിക പങ്കാളിത്തത്തിന് നീര്‍ത്തട അയല്‍ക്കൂട്ടങ്ങള്‍

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് നീര്‍ത്തട അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. നാല്പത് മുതല്‍ അമ്പത് വരെ കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാവും ഒരു നീര്‍ത്തട അയല്‍ക്കൂട്ടം. പ്രാഥമിക വിവര ശേഖരണം, നീര്‍ത്തട പ്രദേശത്തെ പ്രശ്‌നങ്ങളും ആവശ്യകതകളും മനസ്സിലാക്കാല്‍, പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പുവരുത്തല്‍ തുടങ്ങിയവയായിരിക്കും നീര്‍ത്തട അയല്‍ക്കൂട്ടത്തിന്റെ ചുമതലകള്‍. ഓരോ നീര്‍ത്തട അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് രണ്ട് വീതം സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും.