മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകും

പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുമെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് കോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മഞ്ചേരി മെഡിക്കൽ കോളജിൽ പിജി പഠനം ആരംഭിച്ചത് സർക്കാരിന്റെ നേട്ടമാണ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞു. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് മലപ്പുറം ജില്ലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊന്മുണ്ടം പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധിപേർ ആശ്രയിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങളും, ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കാൻ പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും.