താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2500 ലേറെ അപേക്ഷകർ അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതായും അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി.
ഒന്നാം പിണറായി സർക്കാരിന്റെ 2020-2021ലെ ബജറ്റിൽ താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. 2021-2022ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നാല് നിലയിൽ രൂപകൽപ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പുതിയ ഡിഎസ്ഒആർ റിവിഷൻ പ്രകാരം 12.38 രൂപ ചെലവഴിച്ച് 25,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒന്നാം നില കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് നടത്തിയത്. ശിലാസ്ഥാപനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും അരങ്ങേറി.