കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി

post

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള ജില്ലാതല കോ-ഓർഡിനേഷൻ മോണിറ്ററിങ് കമ്മിറ്റി ദിശയുടെ 2022-23 ലെ രണ്ടാം പാദയോഗം വി.കെ. ശ്രീകണ്ഠൻ എം.പിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. വൺ ഡിസ്ട്രിക്റ്റ് വൺ ക്രോപ്പ് പദ്ധതിയിൽ പാലക്കാട് ജില്ല വാഴകൃഷിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അത് നെൽകൃഷിയാക്കി മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കാർഷിക മേഖലയിൽ മാന്യമായ വേതനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളെ ഉപയോഗപ്പെടുത്തണമെന്നും എ. പ്രഭാകരൻ എം.എൽ.എ. യോഗത്തിൽ നിർദേശിച്ചു. പദ്ധതികൾ ജില്ലയിൽ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഏതെങ്കിലും പദ്ധതികളിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാമെന്നും എം.പി പറഞ്ഞു.

പി.എം.എ.വൈ. (ജി) പദ്ധതിയിൽ 2022-23 വർഷം ടാർഗറ്റ് അനുവദിച്ചിട്ടില്ലെന്നും ജില്ലയ്ക്ക് അടിയന്തരമായി ടാർഗറ്റ് അനുവദിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറും തദ്ദേശ സ്വയംഭരണ വിഭാഗം ജോയിന്റ് ഡയറക്ടറുമായ കെ.പി. വേലായുധൻ യോഗത്തിൽ പറഞ്ഞു. ആലത്തൂർ ബ്ലോക്കിൽ പുതുക്കോട്-കാവശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന നാഷണൽ അർബൻ മിഷൻ പദ്ധതിയിൽ 2022 മാർച്ച് 31 വരെ കരാറിലേർപ്പെട്ട പ്രവർത്തികൾക്കു മാത്രം ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ 2023 മാർച്ച് 31 വരെ പദ്ധതി കാലാവധി ദീർഘിപ്പിച്ചു തരണമെന്നും പ്രൊജക്റ്റ് ഡയറക്ടർ പറഞ്ഞു.

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് എം.പിമാരെ അറിയിക്കണമെന്നും അവലോകനയോഗം ചേർന്നു പുരോഗതി വിലയിരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വി.കെ. ശ്രീകണ്ഠൻ എം.പി നിർദേശം നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തിദിനങ്ങളായി നിജപ്പെടുത്തിയത് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നതായും സാങ്കേതിക പ്രശ്‌നങ്ങൾമൂലം മെറ്റീരിയൽ ഇനത്തിൽ ലഭിക്കേണ്ട തുക ലഭിക്കാത്തത് സംബന്ധിച്ചും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പി.സി. ബാലഗോപാൽ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.