ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിന് ഒക്ടോബർ രണ്ട് മുതൽ ജില്ലയിൽ തുടക്കമാകും

post

മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ പ്രചാരണം ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ ജില്ലയിൽ വിവിധ പരിപാടികളോടെ നടക്കും. ലഹരി വിരുദ്ധ പ്രചാരണം ഏകോപിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വിവിധ സമിതികൾ രൂപീകരിക്കുന്നതിനുള്ള യോഗം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്നു. സമീപകാലത്ത് നടന്നസംഭവങ്ങൾ പരിശോധിക്കുമ്പോൾ ലഹരി ഉപയോഗം വളരെ ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇതിനെ വളരെ ഗൗരവത്തോടെ നേരിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ജില്ലയിൽ രൂപീകരിച്ച വിവിധ സമിതികൾ മുഖേന വാർഡ് തലങ്ങളിൽ വരെ പ്രദർശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ ലഹരി വിരുദ്ധ പ്രചാരണം പരിപാടികൾ ഏകോപിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാകലക്ടർ കോർഡിനേറ്ററുമായി വിവിധസമിതികൾ രൂപീകരിച്ചു. ജില്ലാതല സമിതിയിൽ എം.പി മാർ, എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പൊലീസ് മേധാവി, എ.ഡി.എം, ബ്ലോക്ക് പ്രസിഡന്റ്, ഡെപ്യൂട്ടി കലക്ടർ ആർ.ആർ, അഡീഷനൽ എസ്.പി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ, നശാമുക്ത് ഭാരത് അഭിയാൻ കോർഡിനേറ്റർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ, ആർ.ഡി.ഡി, ഡി.എം.ഒ, ഡി.ഡി.പി, മറ്റ് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, എൻ.സി.സി, എൻ.എസ്.എസ്, എൻ.വൈ.കെ, എസ്.പി.സി ഓഫീസർമാർ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയവരും അംഗങ്ങളാണ്. ഗ്രാമപഞ്ചായത്ത്/നഗരസഭ, വാർഡ്തലത്തിലും വിദ്യാലയതലത്തിലും സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക-സാംസ്‌ക്കാരിക സംഘടനകൾ, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷൻ, ഗ്രന്ഥശാല സംഘം, യുവജനക്ഷേമ ബോർഡ്, യൂത്ത് കോർഡിനേറ്റർ, സ്‌പോർട്‌സ്‌കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും (ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ) എല്ലാ വാർഡുകളിലെയും പ്രധാന കേന്ദ്രത്തിലും എല്ലാ ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ലൈവ് ചെയ്യും.

ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് റും ഡിബേറ്റുകൾ സംഘടിപ്പിക്കും. ലൈബ്രറികൾ/ഹോസ്റ്റലുകൾ/ ക്ലബുകൾ/അയൽക്കൂട്ടങ്ങൾ/റസിഡൻഷ്യൽ അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിലും തീരദേശ മേഖലയിലും പ്രചാരണം നടത്തും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പയിനുകളും നടത്തും.