കുരുമ്പന്‍ മൂഴിയിലും അരയാഞ്ഞിലിമണ്ണിലും സുരക്ഷിതമായ നടപ്പാലം നിര്‍മിക്കും

post

കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ ഉയരത്തില്‍ സുരക്ഷിതമായ നടപ്പാലം നിര്‍മിക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കുരുമ്പന്‍ മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഉയരത്തില്‍ നടപ്പാലം നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നാടിന്റെ വികസന കാര്യത്തില്‍ ഏവരും ഒറ്റക്കെട്ടായി നില്‍ക്കണം. 18 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി കുരുമ്പന്‍ മൂഴിയിലും, 22 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി അരയാഞ്ഞിലിമണ്ണിലും പാലം നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. പാലം പണി പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ഇവിടെ കോസ് വേ മഴക്കാലത്ത് മുങ്ങുന്ന സാഹചര്യമാണുള്ളത്. പാലം പൂര്‍ത്തീകരണം വരെയും, വെള്ളം പൊങ്ങുന്ന സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് ധൈര്യമായി കടന്നു പോകുന്നതിനായാണ് നടപ്പാലം നിര്‍മിക്കുക. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുകയാണ്. കേരളത്തില്‍ 1266 ആദിവാസി കോളനികളില്‍ കണക്റ്റിവിറ്റി എത്താനുണ്ടായിരുന്നു. 1026 കോളനികളില്‍ ഇതുവരെ കണക്ടിവിറ്റി എത്തിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, പഞ്ചായത്ത് അംഗം മിനി ഡൊമനിക്, ടിഡിഒ എസ്.എസ്. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


pta