ഓണം സ്പെഷ്യൽ ഡ്രൈവ്: എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകൾ

post


എക്‌സൈസ് സേനയുടെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 11,668 കേസുകൾ രജിസ്റ്റർ ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതിൽ 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുകളും 8441 കേസുകൾ പുകയിലയുമായി ബന്ധപ്പെട്ടതുമാണ്. അബ്കാരി കേസുകളിൽ 1988 പേരും മയക്കുമരുന്ന് കേസുകളിൽ 824 പേരും അറസ്റ്റിലായി. ആഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു ഓണം സ്‌പെഷ്യൽ ഡ്രൈവ്. ഡ്രൈവിൽ സജീവമായി പങ്കെടുത്ത എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഓണം ഡ്രൈവിന്റെ തുടർച്ചയായി നവംബർ ഒന്നുവരെ നീളുന്ന മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവും എക്‌സൈസ് ആരംഭിച്ചുകഴിഞ്ഞു.


ഓണം ഡ്രൈവിന്റെ ഭാഗമായി 16,306 റെയ്ഡുകൾ നടത്തി, 1,46,773 വാഹനങ്ങളും പരിശോധിച്ചു. ലഹരി വസ്തുക്കൾ കടത്തുകയായിരുന്ന 107 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 525.3 കിലോ കഞ്ചാവ്, 397 കഞ്ചാവ് ചെടികൾ, 10.5 കിലോ ഹാഷിഷ് ഓയിൽ, 796 ഗ്രാം ബ്രൗൺ ഷുഗർ, 113 ഗ്രാം ഹെറോയിൻ, 606.9ഗ്രാം എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 1569.6 കിലോ അനധികൃത പുകയില ഉൽപ്പന്നങ്ങളും പിടിച്ചു. പുകയില കേസുകളിൽ 16.69 ലക്ഷം രൂപ ഫൈൻ ഈടാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റർ മദ്യവും അനധികൃതമായി കടത്തിയ 6832ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 1020 ലിറ്റർ കള്ളും പിടിച്ചു. 491 ലിറ്റർ സ്പിരിറ്റും ഡ്രൈവിന്റെ ഭാഗമായി പിടിച്ചിട്ടുണ്ട്. 49,929 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്. മദ്യം വിൽക്കുന്ന സ്ഥാപനങ്ങളിൽ വിപുലമായ പരിശോധനയും ഉറപ്പാക്കിയിരുന്നു.


ലഹരി കടത്തിനെതിരെ ശക്തമായ പ്രവർത്തനമാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗമുൾപ്പെടെ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നടപടികളുമായി എക്‌സൈസ് വകുപ്പിന് മുന്നോട്ടുപോകേണ്ടതുണ്ട്. മയക്കുമരുന്നിനെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവും വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.