ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് ദേശീയ അംഗീകാരം

സംസ്ഥാനത്ത് ഒന്നാമത്
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയിൽ മികച്ച സ്കോറിൽ (NQAS അംഗീകാരം (98%) ) ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) പരിശോധനയിലാണ് ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മികച്ച മാർക്ക് നേടിയത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസം 8500 മുതൽ 9000 വരെ ഒ. പി സേവനത്തിന് പൊതുജനങ്ങൾ എത്തുന്നുണ്ട്. ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തി ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനം കാര്യക്ഷമാക്കി. കൺസൾട്ടേഷൻ, ഒബ്സർവേഷൻ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുത്തിവെയ്പ്പിനും മൈനർ സർജറിക്കും കൗൺസിലിങ്ങിനുമുള്ള മുറികൾ, മുലയൂട്ടുന്നതിനുള്ള മുറികൾ, വിവിധ തരത്തിലുള്ള ആശുപത്രി മാലിന്യ സംസ്കരണം, ആശുപത്രി ജീവനക്കാർക്ക് വിവിധതരം പരിശീലന പരിപാടികൾ, അണുനശീകരണ സംവിധാനങ്ങൾ, കൗമാരാരോഗ്യ ക്ലീനിക്കുകൾ എന്നിവ തയാറാക്കി.
ഒപി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവർത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിർവഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവർത്തനമാണ് അംഗീകാരം ലഭിക്കാൻ കാരണമായത്. ഈ അംഗീകാരം ആശുപത്രി വികസനത്തിനും പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനപ്പെടും. ഗുണനിലവാരം നിലനിർത്തുന്നതിന് മൂന്ന് വർഷം കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കും.
സർവീസ് പ്രൊവിഷൻ, പേഷ്യൻ്റ് റൈറ്റ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷം എൻഎച്ച്എസ്ആർസി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാനും എൻഎച്ച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകൾ വിനിയോഗിച്ചു.