ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം: 723 കിലോഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുത്തു

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 723.553 കിലോഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 80550 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം കര്‍ശനമാക്കിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ജില്ലയിലെ 94 ഗ്രാമപഞ്ചായത്ത് പരിധികളിലുമായി പരിശോധന നടത്തിയത്. 6,43,300 രൂപ പിഴ ഈടാക്കുന്നതിന് 91 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പിഴ അടവാക്കാത്ത പക്ഷം തുക ഈടാക്കുന്നതിന് ഇവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും..
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം, കടത്തി ക്കൊണ്ടുപോകല്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തത്. പ്രാഥമിക പരിശോധനയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും നാളുകളിലും പരിശോധന തുടരും. നിരോധനത്തിന്റെ ഭാഗമായി ആഗസ്റ്റ് 26 ന് ജില്ലയിലെ 2503 സ്ഥാപനങ്ങളിലായി നടന്ന പരിശോധനയില്‍ 196.073 കിലോഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുത്ത് 47650 രൂപ പിഴയായി ഈടാക്കിയിരുന്നു.