വിദ്യാഭ്യാസ രേഖകള്‍ കൈവശപ്പെടുത്തി യുവജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും

post

മലപ്പുറം : വിദ്യാഭ്യാസ രേഖകള്‍ കൈവശപ്പെടുത്തി തൊഴിലിടങ്ങളില്‍ യുവതയെ സമ്മര്‍ദ്ദത്തിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. മലപ്പുറത്ത് നടന്ന ജില്ലാതല അദാലത്തില്‍ സ്വകാര്യ സ്ഥാപനം അന്യായമായി കൈവശം വെച്ച എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ പരാതിക്കാരനു തിരികെ നല്‍കാന്‍ തീരുമാനമായി. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇതുറപ്പു വരുത്തണം.

വിദ്യാഭ്യാസ വായ്പ സമയബന്ധിതമായി ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങുന്നുവെന്ന പരാതിയും കമ്മീഷനു മുന്നിലെത്തി. അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്  വായ്പ തുക അനുവദിക്കാന്‍ ബാങ്ക് അധികൃതര്‍ക്കു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തുക കൈമാറി ഏഴു ദിവസത്തിനകം  റിപ്പോര്‍ട്ട്  നല്‍കണം. യുവാക്കളിലും വിദ്യാര്‍ഥികളിലും വര്‍ധിക്കുന്ന ലഹരി ആസക്തി തടയാന്‍ സര്‍ഗ്ഗാത്മക ഇടപെടലുകള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുമെന്നും ചിന്ത ജെറോം അറിയിച്ചു.

ചോക്കാട് നാല്‍പതു സെന്റ് കോളനിക്കടുത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം യുവാക്കളെ ലഹരിക്കടിമകളാക്കുന്നുവെന്ന  പരാതി പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം. പൊതു പ്രവര്‍ത്തകനായ സജിത്ത്. പി. നാരായണന്‍ നല്‍കിയ പരാതിയില്‍ കര്‍ശനമായി ഇടപെടാന്‍ പൊലീസിനും എക്‌സൈസിനും നിര്‍ദ്ദേശം നല്‍കി. മേഖലയില്‍  കമ്മീഷന്‍ സന്ദര്‍ശനം നടത്തും.  വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം യുവജന കൂട്ടായ്മകളെ  ശാക്തീകരിക്കാന്‍ യുവജന ക്ഷേമ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കും.

യുവാക്കളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 29ന് പാലക്കാട്ടും  മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്തും തൊഴില്‍ മേളകള്‍ നടത്തും.  സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി നടത്തുന്ന തൊഴില്‍ മേളയില്‍ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ക്കു മാന്യമായ തൊഴില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 30 പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. മറ്റു പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും. കമ്മീഷന്‍ അംഗങ്ങളായ പി.കെ. അബ്ദുള്ള നവാസ്, കെ.കെ. വിദ്യ, സെക്രട്ടറി ഡി.കെ. ജയശ്രീ, സി.ഡി. മനോജ്, രമ്യ ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.