തീരം കാക്കാന്‍ കാറ്റാടി മരങ്ങള്‍; ആറാട്ടുവഴി കടല്‍ത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു

ആലപ്പുഴ: തീരം സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആറാട്ടുവഴി കടല്‍ത്തീരത്ത് കാറ്റാടിമരങ്ങള്‍ നട്ട് ജൈവസംരക്ഷണ ഭിത്തി തീര്‍ക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി.
ആദ്യഘട്ടത്തില്‍ ആറാട്ടുവഴി വാര്‍ഡിലെ ഒരേക്കര്‍ സ്ഥലത്താണ് കാറ്റാടി മരങ്ങള്‍ നടുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ചുമതല. 120,965 രൂപ ചെലവില്‍ നടുന്നത് 2400 തൈകള്‍. ഇതിനായി 407 തൊഴില്‍ ദിനങ്ങള്‍ കണക്കാക്കുന്നു.
കടലാക്രമണം പതിവുഭീഷണിയായ ആറാട്ടുവഴി വാര്‍ഡിലെ തീരപ്രദേശത്ത് കാറ്റാടിമരങ്ങള്‍ നടുന്നതിലൂടെ കടലാക്രമണവും മണ്ണൊലിപ്പും തടയുകയും അങ്ങനെ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് പ്രമോദ് പറഞ്ഞു. 2004ലെ സുനാമിയെ തുടര്‍ന്നുണ്ടായ തീരമിടിവും അടിക്കടിയുണ്ടാകുന്ന കടലാക്രമണവും ആറാട്ടുവഴി തീരത്ത് താമസിക്കുന്നവര്‍ക്ക് പേടിസ്വപ്നമാണ്. അതിനെ ജൈവികമായി തന്നെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ തീരദേശവാസികള്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്ന വലിയൊരു കാര്യമാകുമതെന്ന് ആറാട്ടുവഴി വാര്‍ഡ് മെമ്പര്‍ ജാസ്മിന് ടി.എസ് ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളുടെ ജോലികള്‍ക്കും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും തടസമുണ്ടാക്കാത്ത വിധമാണ് മരങ്ങള്‍ നടുന്നത്. പരിസ്ഥിതി സൗഹൃദമാണെന്നതും കടല്‍ഭിത്തി കെട്ടുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതും കാറ്റാടി ഉപയോഗിച്ചുള്ള ജൈവവേലിയുടെ പ്രധാന സവിശേഷതകളാണ്. കാറ്റാടി തൈകള്‍ ഒരു മീറ്റര്‍ അകലത്തില്‍ വച്ചുപിടിപ്പിച്ചാല്‍ വേരുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് മണ്ണൊലിപ്പ് തടയും. കാറ്റാടി ഇലകള്‍ കൊഴിഞ്ഞുവീണ് ഒരു ജൈവ ആവരണം രൂപപ്പെടുകയും മറ്റ് വൃക്ഷങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.
ജലസ്രോതസ്സുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുമെന്ന മേന്മകളുമുണ്ട്. കരിങ്കല്‍ ഭിത്തിക്കുപകരം ജൈവവേലി രൂപപ്പെടുത്തിയാല്‍ തീരത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനാകുമെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.