ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: രണ്ട് മാസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പായത് 68578 ഫയലുകള്‍

post


കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ജില്ലയില്‍ പുരോഗമിക്കുന്നു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ (ഓഗസ്റ്റ് 23) ജില്ലയില്‍ തീര്‍പ്പാക്കിയത് 68578 ഫയലുകള്‍. മലപ്പുറം കലക്ടറേറ്റിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയത്. 29089 ഫയലുകളാണ് ഇതു വരെ തീര്‍പ്പാക്കിയത്. പെരിന്തല്‍മണ്ണ താലൂക്കില്‍ ഇതുവരെ 7804 ഫയലുകളും ഏറനാട് താലൂക്കില്‍ 5038 ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. തിരൂര്‍ താലൂക്ക് 3997, തിരൂരങ്ങാടി താലൂക്ക് 3795, എല്‍ടി മഞ്ചേരി 3217, ആര്‍.ടി.ഒ പെരിന്തല്‍മണ്ണ 2968, കൊണ്ടോട്ടി താലൂക്ക് 2739, നിലമ്പൂര്‍ താലൂക്ക് 2544, എല്‍.ടി തിരൂര്‍ 2379, പൊന്നാനി താലൂക്കില്‍ 2323, ആര്‍ഡിഒ തിരൂര്‍ 1461, ദേശീയപാതാ വിഭാഗം 653, എല്‍ടി തിരൂരങ്ങാടി 280, എല്‍എ ജനറല്‍ തിരൂര്‍ 223, എല്‍എ ജനറല്‍ മലപ്പുറം 51, കിഫ്ബി 33 വീതം ഫയലുകളുമാണ് തീര്‍പ്പാക്കിയിട്ടുള്ളത്.


ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം റെക്കോര്‍ഡ് വേഗത്തില്‍ പുരോഗമിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഫയലുകളെല്ലാം പൂര്‍ണമായും തീര്‍പ്പാക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.


സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് മുതല്‍ ജില്ലാതലം വരെ അദാലത്തുകള്‍ സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കലക്ടറുടെ നിര്‍ദേശം പ്രകാരം കെട്ടികിടക്കുന്ന ഫയലുകളുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജില്ലയിലെ വില്ലേജ്, താലൂക്ക്, ആര്‍ഡിഒ, കലക്ടറേറ്റ് തലങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്.

ജൂണ്‍ 15നാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടി എത്തലല്ല, സേവനങ്ങളുമായി ജനങ്ങളിലേക്ക് എത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസ് തലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയല്‍ തീര്‍പ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികളാണ് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കി വരുന്നത്.

വകുപ്പ് തലത്തില്‍ അതത് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുമാണ് ഇതിനായുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കുന്നത്. വകുപ്പ് തലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങള്‍ നടത്തിയാണ് പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുന്നത്. ചീഫ് സെക്രട്ടറിയാണ് ഫയല്‍ തീര്‍പ്പാക്കലിന്റെ ഉദ്യോഗസ്ഥലതത്തിലുള്ള പൊതുവായ മേല്‍നോട്ടം വഹിക്കുന്നത്. ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതിനു പുറമേ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബര്‍ 10നകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീര്‍പ്പാക്കല്‍ വിശദാംശം ഒക്ടോബര്‍ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.