ജില്ലാ പഞ്ചായത്തിന്റെ സോഷ്യല്‍ ഇന്റേണ്‍ഷിപ്പിന് തുടക്കം

post



അഭ്യസ്ഥവിദ്യരായ പട്ടിക ജാതി യുവജനങ്ങളെ സര്‍ക്കാര്‍ ജോലികള്‍ക്കും മത്സര പരീക്ഷകള്‍ക്കും തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ക്കും പ്രാപ്തരാക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എം. സിപ്പ് സോഷ്യല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് തുടക്കം. ജില്ലാ പഞ്ചായത്ത് ശിഹാബ് തങ്ങള്‍ സ്മാരക ഹാളില്‍ നടന്ന പ്രത്യേക പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. എ. കരീം അധ്യക്ഷനായി.

ജില്ലയിലെ 76 പഞ്ചായത്തുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 222 പേരെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. ഇവര്‍ക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്‌റ്റൈപ്പെന്റോടു കൂടി പരിശീലനം നല്‍കും. പി.ജി, യു.ജി, പ്രൊഫഷനല്‍ ഡിഗ്രി, ഡിപ്ലോമ, അലൈഡ് ഹെല്‍ത്ത് ആന്‍ഡ് പരാമെഡിക്കല്‍ കോഴ്‌സ് എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് 7000 മുതല്‍ 10000 രൂപ വരെ സ്‌റ്റൈപ്പെന്റോട് കൂടിയാണ് നിയമിക്കുന്നത്. ഇതോടൊപ്പം തന്നെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്. എസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കും അഭിമുഖത്തിനും സജ്ജരാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.