സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേട്ടം ആദ്യം സ്വന്തമാക്കി കുളത്തൂപ്പുഴ പഞ്ചായത്ത്

post

പ്രഖ്യാപനം ഓഗസ്റ്റ് 28ന്

സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ രാജ്യത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നേട്ടവുമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് ചരിത്രത്തില്‍ ഇടം നേടിയത്.

പഞ്ചായത്ത് പരിധിയിലെ 9388 കുടുംബങ്ങളിലെ 29000ലധികം പേര്‍ സാക്ഷരത നേടി. എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. കൂട്ടായ പരിശ്രമത്തിലൂടെയാണ് ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു.

ഓഗസ്റ്റ് 28ന് രാവിലെ 11 മണിക്ക് കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. പരിപാടിയുടെ ഭാഗമായി രാവിലെ ഒമ്പത് മണിക്ക് ടിംബര്‍ ഡിപ്പോയില്‍ നിന്നും ഭരണഘടന ഉത്സവ ഘോഷയാത്രയുണ്ടാകും. ഓഗസ്റ്റ് 27ന് രാവിലെ ഭരണഘടന വിഷയമാക്കിയുള്ള വിവിധ മത്സരങ്ങള്‍ കുളത്തൂപ്പുഴ ജി.യു.പി.എസില്‍ നടക്കും.