സാമൂഹിക മാധ്യമങ്ങള്‍ മാധ്യമ ഭാഷയെ സ്വാധീനിക്കുന്നു

post

കാസര്‍കോട്: സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രചാരം നേടിയിട്ടുള്ള സാമൂഹിക മാധ്യമങ്ങള്‍ മാധ്യമ ഭാഷയെ സ്വാധീനിക്കുന്നുവെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളുടെ കടന്നുവരവോടെ അച്ചടി മാധ്യമങ്ങളുള്‍പ്പെടെയുള്ള പരമ്പരാഗത മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്നും അകന്നു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കേരളീയ സമൂഹത്തില്‍ പത്രമാധ്യങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതായി ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു. 

പത്രപ്രവര്‍ത്തനത്തിലൂടെ ചരിത്രനിര്‍മിതിയും സംഭവിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജിനേഷ് കുമാര്‍ എരമം പറഞ്ഞു. 'മാധ്യമഭാഷ -ഡിജിറ്റല്‍ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടി മാധ്യമങ്ങളിലൂടെ രേഖപ്പെടുത്തി വരുന്നത് ചരിത്രരേഖയായി നിലനില്‍ക്കുന്നുണ്ടെന്നും ഇത് ചരിത്രപഠനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം തന്നെയാണ് സന്ദേശമെന്ന പ്രശസ്ത ചിന്തകന്‍ മാര്‍ഷല്‍ മക്ലൂഹന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നത്. വാര്‍ത്താ വിനിമയത്തിനായി വിവിധ മാധ്യമങ്ങളുപയോഗിച്ച പഴയ തലമുറയിലും പുതിയ തലമുറയിലും ഈ വ്യത്യാസം ദൃശ്യമാണ്. ജനാധിപത്യ ക്രമത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ നാലാം തൂണാണെങ്കില്‍ പുതിയ കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ അഞ്ചാം തൂണായി വര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മാധ്യമഭാഷയിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 1904ല്‍ പദ്യരൂപത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പിന്നീട് ഗദ്യരൂപത്തിലും കാലക്രമേണ ഘടനയിലും വിന്യാസത്തിലും വാര്‍ത്തകള്‍ക്ക് രൂപാന്തരം സംഭവിക്കുകയായിരുന്നു. മലയാളത്തില്‍ നല്ല വാക്കുകളുള്ളപ്പോള്‍ അതിനെ അടിച്ചമര്‍ത്തി ആംഗലേയ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സ്വയം നവീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ അവതരണ ശൈലിയില്‍ പത്രമാധ്യമങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സ്വീകരിച്ചതായി കേരള മീഡിയ അക്കാദമി എക്‌സിക്യുട്ടീവ് അംഗം ജയകൃഷ്ണന്‍ നരിക്കുട്ടി പറഞ്ഞു. എഡിറ്റിങ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധിയുടെ പ്രയോഗം വ്യാപകമാവുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനത്തിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ജനങ്ങള്‍ നേരിട്ട് ഉറവിടത്തില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ ചെയ്യുന്നതിനാല്‍ എഡിറ്ററും പ്രൂഫ് റീഡറും പബ്ലിഷറും എല്ലാം ഒരാളാകുന്ന കാലമാണ് നിലവിലുള്ളത്. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്താല്‍ വാര്‍ത്താ അവതരണ ശൈലിയില്‍ മാറ്റമുണ്ടാവുകയും ഏറ്റവും ചുരുക്കത്തില്‍ ഫലപ്രദമായി വാര്‍ത്തകള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.