വാഴാനി കാക്കിനിക്കാട് ട്രൈബൽ കോളനി വികസനം: ഒരു കോടി രൂപ അനുവദിച്ചു

post

വാഴാനി, കാക്കിനിക്കാട് ട്രൈബൽ കോളനിയുടെ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിളളി എം എൽ എ അറിയിച്ചു. കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പിൻ്റെ അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

തദ്ദേശീയ ജനതയുടെ അന്തർദ്ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് എം എൽ എയുടെ നേതൃത്വത്തിൽ കോളനിയിൽ പ്രത്യേക ഊരുകൂട്ടം ചേർന്നു. ട്രൈബൽ കോളനിയിലെ 12 കുടുംബങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.

ഒരു കോടി രൂപ അനുവദിച്ചതിനെ തുടർന്ന് കോളനി നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഡി പി ആർ തയ്യാറാക്കുന്നതിനായി യോഗം തീരുമാനിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല.

കാട്ടാനയുടെ ഭീഷണി മൂലം കാട്ടിൽ പോകാൻ കഴിയാത്തതിനാൽ കോളനി നിവാസികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തണമെന്ന് എം എൽ എ പറഞ്ഞു. തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോളനിയിലെ വീടുകളിൽ സന്ദർശനം നടത്തി.