ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യം

post


ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സർക്കാർ നിയോഗിച്ച പ്രൊഫ.ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങുകയായിരുന്നു അവർ.

കേരളത്തിലെ ഗവേഷണമേഖലയെ കൂടുതൽ ഊർജിതപ്പെടുത്തേണ്ടതുണ്ട്. യുവത്വം തൊഴിൽ അന്വേഷകരായി നിൽക്കാതെ തൊഴിൽ ദാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനൊപ്പം നൈപുണ്യ വികസനം കൂടി ഉറപ്പു വരുത്തുന്നത്. അസാപ് പോലുള്ള ഏജൻസികളെ അതിനായി കൂടുതൽ ഉപയോഗപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണകുറിച്ചുള്ള പ്രൊഫ.ശ്യാം ബി മേനോൻ കമ്മീഷൻ നിർദ്ദേശങ്ങൾ വൈകാതെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, കമ്മീഷൻ ചെയർമാൻ പ്രൊഫ. ശ്യാം ബി മേനോൻ, പ്രൊഫ. എൻ കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 3645/2022