ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ഗൗരവകരമായ ചോദ്യങ്ങളുയർത്തി കുട്ടികൾ

post


സംസ്ഥാനത്തെ 14 ജില്ലകളിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്നുമെത്തിയ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് എന്ന ദ്വിദിന പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങൾ കുട്ടികളുടെ സംശയങ്ങളും ആശങ്കകൾക്കും ഉത്തരം നൽകുന്ന സെക്ഷൻ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ കൊണ്ട് കൗതുകമുണർത്തുന്നതായി. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ കമ്മിഷൻ അംഗങ്ങളെ പോലും ഗൗരവകരമായ ചിന്തിപ്പിക്കുന്നവയായിരുന്നു.

പ്രധാനമായും പ്രായപൂർത്തിയായാൽ ചിൽഡ്രൻസ് ഹോമുകളിൽ നിന്ന് ആഫ്റ്റർ കെയർ ഹോമുകളിലേക്ക് മാറി താമസിക്കേണ്ടി വരുന്ന സാഹചര്യം പല കുട്ടികളുടെയും പ്രധാന ആശങ്ക തന്നെയായിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി രണ്ട് ആഫ്റ്റർ കെയർ ഹോമുകളാണ് നിലവിലുള്ളത്. മറ്റു ജില്ലകളിലുള്ള കുട്ടികൾ ഇവിടങ്ങളിലേക്ക് വന്നു താമസിക്കുന്നതിൽ നേരിടുന്ന മാനസിക പ്രയാസങ്ങളൊഴിവാക്കാൻ എല്ലാ ജില്ലകളിലും ആഫ്റ്റർ കെയർ ഹോമുകൾ സ്ഥാപിച്ചു കൂടെയെന്നതു തന്നെയായിരുന്നു വേദിയിൽ ഉയർന്നുകേട്ട പ്രധാന ചോദ്യം. അതിനുള്ള പരിഹാരം കുറച്ചുകാലങ്ങൾക്കുള്ളിൽ തന്നെയുണ്ടാകും എന്ന് കമ്മിഷൻ അംഗങ്ങൾ ഉറപ്പു നൽകി.

ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീഷൻ പോലുള്ള കരിയർ കോഴ്സുകൾ പഠിക്കാൻ സർക്കാർ ഇടപെട്ട് സാഹചര്യം ഒരുക്കുമോ എന്ന കുട്ടികളുടെ ആവശ്യത്തിനും പരിഹാരം കണ്ടെത്താമെന്ന് കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.നിലവിൽ സർക്കാർ വിവിധങ്ങളായ കോഴ്സുകൾ ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഉന്നത വിദ്യാഭ്യാസം നൽകാനായി പരിഗണിക്കുന്നുണ്ടെന്നും കൂടുതൽ ശ്രദ്ധ സർക്കാർ ഹോമിലെ കുട്ടികൾക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും കമ്മിഷൻ ചെയർ പേഴ്സൺ കെ.വി മനോജ് കുമാർ പറഞ്ഞു.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ശ്യാമള പി.പി, ബവിത ബി, സി. വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.