കുട്ടികളിലെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദം

post

മലപ്പുറം: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യ പൂര്‍ണ്ണമായ പുതുതലമുറയെ വിഭാവനം ചെയ്ത് കൊണ്ട് വേങ്ങര ബ്ലോക്കില്‍ ആയുഷ് പബ്ലിക് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖ് നിര്‍വഹിച്ചു.  

കണ്ണമംഗലം ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയല്‍ ഗവണ്‍മെന്റ് യു. പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കി. പരിപാടിയില്‍ നൂറോളം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ബ്ലോക്കിന് കീഴിലുള്ള 23 ഓളം സ്‌കൂളുകളില്‍ വരും ദിവസങ്ങളില്‍ പദ്ധതി നടപ്പിലാക്കും. വേങ്ങരയിലെ ഏഴ് പഞ്ചായത്തുകളിലെ സ്‌കൂളില്‍ നിന്നും രോഗപ്രതിരോധശേഷി കുറഞ്ഞ 1,000 കുട്ടികളെ തെരെഞ്ഞെടുത്ത് അവരില്‍ സ്ഥിരമായി കണ്ട് വരുന്ന പനി, ചുമ, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ആയുര്‍വേദത്തിലുടെ പരിഹാരമാര്‍ഗം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ഹെഡ്മാസ്റ്റര്‍ സെയ്തലവി, കേരള ആയുര്‍വേദ പഠനഗവേഷണ സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭാസ്‌കരന്‍ ഐഎഎസ്,   എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  കെ. ശ്രീകൃഷ്ണന്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. വി. ജയദേവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി. കെ. ബീന റോസ്, വേങ്ങര ബ്ലോക്ക് അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍ ബാലഗംഗാധരന്‍, വേങ്ങര ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോയാമ്മു സി. കെ., ആയുഷ് പദ്ധതിയുടെ ഗവേഷകനും ആയുര്‍വേദ കോളേജ് കുട്ടികളുടെ വിഭാഗം മേധാവിയുമായ ഡോ. ദിനേശ് കെ. എസ്. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.