ഹര്‍ ഘര്‍ തിരംഗ; മഞ്ചേശ്വരത്ത് തയ്യാറാക്കുന്നത് 17500 പതാകകള്‍

post

ഹര്‍ ഘര്‍ തിരംഗ പരിപാടിക്കായി ജില്ലയില്‍ മഞ്ചേശ്വരത്ത് മാത്രം 17500 നിര്‍മ്മിക്കുന്നത് ദേശീയപതാകകള്‍. ആഗസ്റ്റ് 13നകം ആവശ്യക്കാരില്‍ എത്തിക്കാന്‍ വീടുകളിലും കടകളിലും പതാക നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 45 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് നിര്‍മാണച്ചുമതല. ഒരാഴ്ച മുമ്പാണ് യൂണിറ്റുകള്‍ക്ക് പതാക നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ലഭിച്ചത്.

തുടര്‍ന്ന് വീടുകളിലും കടകളിലുമെത്തിച്ച് മുഴുവന്‍ സമയവും അംഗങ്ങള്‍ പതാക നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മംഗലാപുരത്ത് നിന്നും തിരുപ്പൂരില്‍ നിന്നുമായിരുന്നു തുണികള്‍ എത്തിച്ചത്. മഞ്ചേശ്വരം, കടമ്പാര്‍, കണ്വതീര്‍ത്ഥ, അരിമല, കുഞ്ചത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് പതാക നിര്‍മ്മാണം. ആഗസ്റ്റ് എട്ടിനും ഒമ്പതിനും പതാകകള്‍ ശേഖരിച്ച് അശോക ചക്രം പതിക്കും. തുടര്‍ന്ന് 10,11,12 തീയതികളില്‍ ആവശ്യക്കാരില്‍ എത്തിക്കും.

ആഗസ്റ്റ് പത്തിന് മഞ്ചേശ്വരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യും. 11,12 തീയതികളില്‍ മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലേക്കും പതാകകള്‍ എത്തിക്കും. ഗ്രാമസഭകളില്‍ പൊതുജനങ്ങളും പതാക ആവശ്യപ്പെട്ടിട്ടുണ്ട്.

20 സെന്റീ മീറ്റര്‍ വീതിയിലും 30 മീറ്റര്‍ നീളത്തിലും ആണ് പതാക നിര്‍മ്മിക്കുന്നത്. ഒരു പതാകയ്ക്ക് 30 രൂപയാണ് വില. ലാഭത്തിന്റെ 30 ശതമാനം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കും.