പത്താംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറായി 330 പേര്‍

post

പരീക്ഷ ആഗസ്റ്റ് 17 മുതല്‍

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമ്പോള്‍ ജില്ലയില്‍ പരീക്ഷയെഴുതുന്നത് 330 പഠിതാക്കള്‍. മലയാളത്തില്‍ 225പേരും കന്നഡയില്‍ 105 പേരും പരീക്ഷയെഴുതും. 132 പുരുഷന്മാരും, 198 സ്ത്രീകളും, 27 പട്ടികജാതിക്കാരും, 25 പട്ടികവര്‍ഗ്ഗക്കാരും, 6 ഐ ഇ ടി വിഭാഗവുമാണ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്.

തൃക്കരിപ്പൂര്‍ സ്വദേശിനി 66കാരി പടിഞ്ഞാറേ വീട് പത്മാവതിയാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. 19 കാരായ ബോവിക്കാനത്തെ ഖദീജത്ത് റഫ്കാന, തൃക്കരിപ്പൂര്‍ സ്വദേശി സഹിമ, കാസര്‍കോട്ടെ ഉമറുല്‍ ഫാറൂഖ്, മുള്ളേരിയിലെ പ്രാജ്യല്‍ എന്നിവരാണ് പ്രായം കുറഞ്ഞ പഠിതാക്കള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി അവധി ദിവസങ്ങളില്‍ പഠിച്ചു കൊണ്ടിരുന്ന പഠിതാക്കള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ആറുമാസം ഓണ്‍ലൈന്‍ ക്ലാസും പിന്നീട് ആറ് മാസം ഓഫ്ലൈന്‍ ക്ലാസ്സുമാണ് നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍മാരും, സാക്ഷരതാ സമിതി അംഗങ്ങളും, പ്രേരക്മാരും തുല്യതാ ക്ലാസുകള്‍ നിരന്തരം നിരീക്ഷിച്ചു. കാസര്‍കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുത്തത്.. ബേഡഡുക്ക പഞ്ചായത്തിലെ 20 കുടുംബശ്രീ ഭാരവാഹികളും ഇത്തവണ ഒന്നിച്ച് പത്താം തുല്യത പരീക്ഷ എഴുതുന്നുണ്ട്.

17 മുതല്‍ 30 വരെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷ. ജി.എച്ച്.എസ്. കുറ്റിക്കോല്‍, ബി എ ആര്‍ എച്ച്എസ്എസ് ബോവിക്കാനം, ജി എച്ച്എസ്എസ് പൈവെളിക നഗര്‍, ജിഎച്ച്എസ്എസ് കാസര്‍കോട്, ബി ഇ എംഎച്ച്എസ്എസ് കാസര്‍കോട്, ജിഎച്ച്എസ്എസ് പരപ്പ, ജിവിഎച്ച്എസ്എസ് മുള്ളേരിയ, ജിഎച്ച്എസ്എസ് ഹൊസ്ദുര്‍ഗ് ജിവിഎച്ച്എസ്എസ് തൃക്കരിപ്പൂര്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.

17ന് രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മലയാളം/ കന്നട, 19ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഹിന്ദി, 22ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇംഗ്ലീഷ്, 23ന് രാവിലെ 9:40 മുതല്‍ 11.30 വരെ രസതന്ത്രം, 24ന് രാവിലെ 9:40 മുതല്‍ 11.30 വരെ ഊര്‍ജ്ജ തന്ത്രം, 25ന് രാവിലെ 9:40 മുതല്‍ 11.30 വരെ ജീവശാസ്ത്രം, 26ന് രാവിലെ 9:40 മുതല്‍ 11.30 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, 29ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഗണിതശാസ്ത്രം, 30ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷയുടെ സമയക്രമം. എല്ലാ വിഷയങ്ങള്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കൂടിയുണ്ട്.