ലോക മുലയൂട്ടല്‍ വാരാചരണം: ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നടന്നു

post

ജില്ലാമെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക മുലയൂട്ടല്‍ വാരാചരണം നടത്തി. ദേശീയരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.

ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരാചരണം നടത്തുന്നത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാല്‍ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് നല്‍കുന്നതിന്റെ പ്രധാന്യം, ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക, ആറ് മാസം മുതല്‍ രണ്ടു വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് മറ്റ് ഭക്ഷണത്തോടൊപ്പം മുലപ്പാല്‍ കൂടി നല്‍കുക എന്നിവ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ ഈ വാരാചരണം സംഘടപ്പിക്കുന്നത്.

വാരചരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. വി രാംദാസ് അറിയിച്ചു.