ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി

post

നെല്‍പാടങ്ങളുടെ നിലനില്‍പ് തന്നെ പരുങ്ങലാകുന്ന കാലത്ത് നെല്‍കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് അജാനൂര്‍ ഗ്രാമപഞ്ചായത്ത്. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സംയോജിത പദ്ധതിയിലൂടെ ജൈവ കാര്‍ഷിക ഗ്രാമമായ അജാനൂരിന്റെ മണ്ണില്‍ നൂറ് ഹെക്ടറില്‍ അധികം ജൈവ നെല്‍ കൃഷിയാണ് ഇന്ന് കൊയ്യുന്നത്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പഞ്ചായത്തില്‍ തരിശായി കിടന്ന അമ്പത് ഹെക്ടര്‍ ഭൂമിയില്‍ തരിശ് നെല്‍കൃഷിയും, രണ്ട് ഹെക്ടറോളം വരുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും മഴ വെളളം മാത്രം ആശ്രയിച്ച് കര നെല്‍ കൃഷിയും ചെയ്തു വരുന്നു.

അജാനൂര്‍ റൈസ് വിപണിയിലേക്ക്

അജാനൂര്‍ റൈസ് എന്ന ബ്രാന്‍ഡില്‍ പാക്കറ്റ് അരി വിപണിയില്‍ എത്തിക്കാനായി മൂന്നു ലക്ഷം രൂപയുടെ പദ്ധതിയും നടപ്പ് വര്‍ഷത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യത്തിന് പുറമേ 25 ടണ്‍ നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയില്‍ ഒന്നാം വിളയായി 90 ഹെക്ടറും രണ്ടാം വിളയായി 45 ഹെക്ടറുമാണ് നിലവില്‍ നെല്‍ കൃഷി ചെയ്യുന്നത്. പാരമ്പര്യ കൃഷി രീതികള്‍ക്കൊപ്പം ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്.

ജ്യോതി, ആതിര, ഉമ, തൊണ്ണൂറാന്‍ ഗന്ധകശാല പുഞ്ചകയമ, ജീരകശാല തവളക്കണ്ണന്‍ എന്നീ ഇനം നെല്‍ വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിലുള്ള കാര്‍ഷിക കര്‍മ്മ സേനയും നെല്‍കൃഷി മേഖലയില്‍ കര്‍മ്മനിരയായി പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ കാര്‍ഷിക കര്‍മ്മ സേനയില്‍ 28 അംഗങ്ങള്‍ ആണുള്ളത്.

14 പാടശേഖര സമിതികളിലായി 480 കര്‍ഷകര്‍

കൃഷി വകുപ്പിന്റെ സാങ്കേതിക ഉപദേശവും സാമ്പത്തിക സഹായവും കര്‍ഷകര്‍ക്ക് നെല്‍കൃഷിയിലേക്കുള്ള മടങ്ങിവരവിന് പ്രചോദനമാകുന്നു. ആയാസം കുറച്ചു കൃഷി ആനന്ദകരമാക്കാന്‍ കാര്‍ഷിക യന്ത്രവത്ക്കരണം നല്ല രീതിയില്‍ ഉപയോഗിച്ചുവരുന്നു. പഞ്ചായത്തിനകത്ത് രണ്ട് ട്രാക്ടറൂം നിലം ഉഴുതുമറിക്കാന്‍ 12 ടില്ലറും, 2 കൊയ്ത്ത് യന്ദ്രവും 7 മെതി യന്ത്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 14 പാടശേഖര സമിതികളിലായി 480 കര്‍ഷകര്‍ നെല്‍കൃഷി ചെയ്തുവരുന്നു. പഞ്ചായത്തിനകത്ത് നെല്‍കൃഷി ഒരു ജനകീയ യജ്ഞമായിക്കഴിഞ്ഞെന്നും മികച്ച പ്രോത്സാഹനവുമായി പഞ്ചായത്തും കൂടെയുണ്ടെന്നും അജാനൂര്‍ കൃഷി ഓഫീസര്‍ സി സന്തോഷ് കുമാര്‍ പറഞ്ഞു.