അപകട സാഹചര്യത്തിൽ കടലിലിറങ്ങരുത്

post

കർശന നിർദേശവുമായി ദുരന്തനിവാരണ സമിതി യോഗം

ജില്ലയിലെ തീരദേശ മേഖലയിലെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി പി.നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ പൊന്നാനി താലൂക്ക് ഓഫീസിൽ യോഗം ചേർന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും, കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി യാനങ്ങൾ കടലിലിറങ്ങരുതെന്ന കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കടലിലിറങ്ങിയ ബോട്ടുകൾ കാലാവസ്ഥ പ്രക്ഷുബ്ദമായതിനെത്തുടർന്ന് കരക്കടുപ്പിച്ചിരുന്നു. ഇനിയും നിർദ്ദേശം ലംഘിച്ച് മീൻപിടുത്തത്തിന് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

ഇതിൻ്റെ ഭാഗമായി വിപുലമായ പ്രചരണ പ്രവർത്തനങ്ങളും നടത്തും. താലൂക്ക് തലങ്ങളിലെ ഇൻസിഡൻ്റ് റസ്പോണ്ട് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും യോഗം വിലയിരുത്തി. ജില്ലയിലെ തീരദേശ മേഖലയിൽ മഴയെത്തുടർന്നുണ്ടാകുന്ന അപകടങ്ങളിൽ കൃത്യമായി ഇടപെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, റവന്യൂ റിക്കവറി വിഭാഗം ആർ.ഡി.ഒ റെജി, പൊന്നാനി താലൂക്ക് ഡെപ്യൂട്ടി കളക്ടർ ചുമതല വഹിക്കുന്ന ഹരികുമാർ ,പൊന്നാനി തഹസിൽദാർ ജയപ്രകാശ്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, രാഷ്ട്രീയ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.