പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 75 പരാതികള്‍ തീര്‍പ്പാക്കി

post

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ 75 കേസുകള്‍ തീര്‍പ്പാക്കി. പരിഗണിച്ച 105 കേസുകളില്‍ 30 എണ്ണം റിപ്പോര്‍ട്ട് തേടുന്നതിനായി മാറ്റിയിട്ടുണ്ട്. പോലീസിനെതിരേ ഉയര്‍ന്ന പരാതികളും കമ്മീഷന്‍ പരിഗണിച്ചു. വഴി തര്‍ക്കം, വസ്തു സംബന്ധമായ പരാതികള്‍ എന്നിവയും പരിഗണിച്ചു.

ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ എത്തിച്ച് രണ്ടുവര്‍ഷത്തിന് ശേഷവും ശമ്പളം നല്‍കിയില്ലെന്നും മാനഭംഗപ്പെടുത്തിയെന്നും ആരോപിച്ചുള്ള പരാതി പരിഗണിച്ച കമ്മിഷന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കൊട്ടാരക്കര ഡിവൈഎസ്പിക്ക് ഉത്തരവ് നല്‍കി. വിവാഹത്തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി.

കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ് മാവോജിയ്ക്കൊപ്പം അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.