മറവന്‍തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

post

കോട്ടയം : മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം വിപുല സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി ആറ്) വൈകുന്നേരം അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായാണ് ആശുപത്രിയുടെ വികസനം നടപ്പാക്കിയത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 14.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 12.5 രൂപയും ഉള്‍പ്പെടെ  27 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു.  ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍, ലാബ്, പ്രീ ചെക്കപ്പിനു വേണ്ട സൗകര്യം, കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗ് റൂം, ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ് മുറി, രോഗി സൗഹൃദ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഇന്‍ഫര്‍മേഷന്‍-എജ്യുക്കേഷന്‍- കമ്മ്യൂണിക്കേഷന്‍ ഡിസ്‌പ്ലേ, ഫീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ശൗചാലയം,   എന്നിവ ഒരുക്കിയിട്ടുണ്ട്. അക്വേറിയം, ടെലിവിഷന്‍, ഇരിപ്പിടങ്ങള്‍, ശുദ്ധമായ കുടിവെള്ളം, വായനാ മൂല, കുട്ടികള്‍ക്ക് കളിസ്ഥലം, പൊതുജന പങ്കാളിത്തത്തോടെ പച്ചക്കറി, ഔഷധസസ്യ ഉദ്യാനം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ ഒരു ഡോക്ടര്‍ മാത്രം ഉള്ള ആശുപത്രിയില്‍ ഇനി മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവര്‍ത്തന സമയം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിര്‍ണയവും പ്രാഥമിക ചികിത്സയും നല്‍കുന്ന ശ്വാസ് പദ്ധതിയുടെയും, മാനസികാരോഗ്യങ്ങളുടെ നിര്‍ണയവും പ്രാഥമിക ചികിത്സയും നല്‍കുന്ന ആശ്വാസ് പദ്ധതിയുടെയും സേവനം ആശുപത്രിയില്‍ ലഭിക്കും.