എളവള്ളിയിൽ ബൾക്ക് വാട്ടർ പദ്ധതിക്ക് 45 കോടി അനുവദിച്ചു

post

എളവള്ളി ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ജലനിധി പദ്ധതിക്ക് സഹായകമായി ബൾക്ക് വാട്ടർ പദ്ധതി വരുന്നു. ഇതിനായി 45 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


ഗ്രാമപഞ്ചായത്തിൽ ജലനിധിയുടെ ഭാഗമായി 3900 പേർക്കാണ് കുടിവെള്ള വിതരണം ചെയ്തു വരുന്നത്. 4437 ഗുണഭോക്താക്കൾക്ക് കൂടി ഗാർഹിക കണക്ഷൻ നൽകേണ്ടതുണ്ട്. ജലനിധിയുടെ നിലവിലുള്ള കുടിവെള്ള സ്രോതസായ ഇടിയംചിറയിൽ കലക്കുവെള്ളം കലരുന്നതിനാൽ പലപ്പോഴും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ സമയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ബൾക്ക് വാട്ടർ പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ശ്രമം തുടങ്ങിയത്.

ദേശമംഗലം,കടങ്ങോട്,വേലൂർ,വരവൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, മുള്ളൂർക്കര, എളവള്ളി എന്നീ എട്ട് പഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


എളവള്ളി ഗ്രാമപഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം പറയ്ക്കാട് മുടാട്ട്കുന്നിൽ വാട്ടർ അതോറിറ്റി വക 50 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ ശേഖരിക്കും. പ്രസ്തുത വെള്ളം താമരപ്പിള്ളി പൂച്ചക്കുന്നിൽ നിലവിലുള്ള ടാങ്കിലേയ്ക്ക് ബൂസ്റ്റർ വെച്ച് പമ്പ് ചെയ്യും. തുടർന്നാണ് ഗാർഹിക കണക്ഷനുകളിലേയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമ പഞ്ചായത്ത് രണ്ടര കോടി രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. പ്രസ്തുത തുക പുതിയ ഗാർഹിക കണക്ഷൻ കൊടുക്കുന്നവരിൽ നിന്നും ഈടാക്കും. 2024ൽ പദ്ധതിയുടെ പൂർത്തീകരണം സാധ്യമാക്കാനാണ് തീരുമാനം. കൂടാതെ മണച്ചാൽ ശുദ്ധജലതടാകത്തിൻ്റെ നടപടിക്രമങ്ങളും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ത്വരിതഗതിയിലാണ്.