കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി 'തേന്‍കണം' പദ്ധതിക്ക് തുടക്കം

post

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള 'തേന്‍കണം' പദ്ധതിക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. അങ്കണവാടി കുട്ടികള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ആറ് തുള്ളി തേന്‍ വീതം വിതരണം ചെയ്യും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് കേരള സംസ്ഥാന ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ശാരീരിക, മാനസിക ബൗദ്ധിക വളര്‍ച്ചക്ക് ശ്രദ്ധക്കൊടുക്കുന്ന അന്തരീക്ഷം അങ്കണവാടികളിലൂടെ സജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരസഭയിലെ 43-ാം വാര്‍ഡ് 13-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, എം.ആബിദ, ഷീനാ സുദേശന്‍, സി.ഡി.പി.ഒ എന്‍.കമറുന്നീസ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ഷബ്‌ന, കെ നീന, പ്രമീള തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ അങ്കണവാടികളില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും തേന്‍ വിതരണം നടത്തി.

ആലങ്കോട് പഞ്ചായത്ത്തല വിതരണോദ്ഘാടനം മാന്തടം എട്ടാം നമ്പര്‍ അങ്കണവാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം വിനീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷഹന നാസര്‍, സി.കെ പ്രകാശന്‍, നിര്‍മ്മല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം 14-ാം വാര്‍ഡ് മനപ്പടി അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ധീന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം എന്‍.പി പ്രിന്‍ഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ ചാലുപറമ്പില്‍, പഞ്ചായത്ത് അംഗം സബിതാ വിനയന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷംന ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തേന്‍ വിതരണവും നടത്തി.