15 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

post


ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ടുകളാണ് യോഗം അംഗീകരിച്ചത്. പതിനഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 4,081 പ്രവൃത്തികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.


തിരുവനന്തപുരം നഗരസഭ, വര്‍ക്കല, പോത്തന്‍കോട്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുകള്‍, മണമ്പൂര്‍, വിളപ്പില്‍, ആര്യനാട്, പള്ളിക്കല്‍, വാമനപുരം, കിഴുവിലം, പുളിമാത്ത്, മലയിന്‍കീഴ്, കുളത്തൂര്‍, കടയ്ക്കാവൂര്‍, വെള്ളനാട് ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലയിലെ മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ വിശകലനവും അംഗീകാരവും വരും ദിവസങ്ങളില്‍ നടക്കും.


പദ്ധതി രൂപീകരണത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന റിപ്പോര്‍ട്ട്, പദ്ധതി രേഖ എന്നിവ ആസൂത്രണ സമിതി വിലയിരുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുന്‍ഗണന പദ്ധതികള്‍ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ച സംയുക്ത പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കൃഷി, ആരോഗ്യം, പ്രാദേശിക വികസനം, വിദ്യാഭ്യാസം, ശുചിത്വം, സ്ത്രീ സംരംഭക പ്രോത്സാഹനം തുടങ്ങി വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നൂതന പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കാന്‍ പോകുന്നത്.