വേതാട്ട് ചിറ- മാനേഴത്ത് തോട് തെളിഞ്ഞൊഴുകാന്‍ ഒരുങ്ങുന്നു

ആലപ്പുഴ: നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്ന പാണാവള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വേതാട്ട് ചിറ - മാനേഴത്ത് തോടിന്‍റെ ശുചീകരണത്തിന് തുടക്കമായി. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണം. മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.
വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനു വേണ്ടിയാണ് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് തുടക്കമിട്ടത്. വേമ്പനാട് കായലിനോട് ബന്ധപ്പെട്ടുകിടക്കുന്ന ഈ തോട് മുന്‍ വര്‍ഷങ്ങളില്‍ മഴക്കാലത്ത് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ദിവസങ്ങളോളം വെള്ളക്കെട്ട് നേരിടേണ്ടി വന്നിരുന്നു. ശുചീകരണത്തിനൊപ്പം വശങ്ങളില്‍ കയര്‍ ഭൂ വസ്ത്രവും വിരിക്കുന്നുണ്ട്.
2.63 ലക്ഷം രൂപ ചിലവിട്ട് 575 മീറ്റര്‍ നീളത്തിലാണ് നിലവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഴ കൂടുതല്‍ ശക്തമാകുന്നതിനു മുന്‍പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷ് പറഞ്ഞു.