വ്യത്യസ്ത മേഖലകളിലേക്ക് തൊഴിലുറപ്പ് ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി : പ്രവര്‍ത്തന പുരോഗതി തൃപ്തികരം - ജില്ലാ കലക്ടര്‍

post

ജലസംരക്ഷണം, അംഗന്‍വാടി നവീകരണം, ചെറുകിട വ്യവസായിക യൂണിറ്റ് കെട്ടിടം, ചിറപുനരുദ്ധാരണം, വനവത്കരണം തുടങ്ങിയ പ്രവര്‍ത്തികളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍.

വിവിധ പ്രവര്‍ത്തങ്ങളുടെ പുരോഗതി സ്ഥലസന്ദര്‍ശനം നടത്തി വിലയിരുത്തിയാണ് പദ്ധതി വിപുലീകരണത്തിന്റെ പുതുസാധ്യകള്‍ ഉറപ്പാക്കുന്നതിനുള്ള തീരുമാനം. മുഖത്തല ബ്ലോക്ക്-മയ്യനാട് ഗ്രാമപഞ്ചായത്തുകളിലായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ് പരിശോധിച്ചത്.

പ്രവര്‍ത്തന പുരോഗതിയില്‍ സംതൃപ്തി അറിയിച്ചതിനൊപ്പം വ്യത്യസ്ത മേഖലകളിലേക്കുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഉമയനല്ലൂര്‍ ചിറ അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് ജലസേചനത്തിനും, മത്സ്യ കൃഷിക്കുമായി ഉപയോഗിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സംയുക്ത പദ്ധതി രൂപീകരിച്ചാകും പ്രവര്‍ത്തനം.

കൊട്ടിയം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഫാക്ടറിയുടെ പുരയിടത്തില്‍ വൃക്ഷത്തൈ നഴ്സറി ഒരുക്കും. റമ്പൂട്ടാന്‍, മാങ്ങ, കശുവണ്ടി തുടങ്ങി എട്ടുതരം വിളകളാണ് നഴ്സറിയില്‍ വികസിപ്പിച്ചെടുക്കുക. മയ്യനാട് പഞ്ചായത്തിലെ ചെറുകിട വ്യവസായ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്തുവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ജില്ലാ കലക്ടര്‍ കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന ഇതര പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി.

മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്‌മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ജി. അനില്‍, നോഡല്‍ ഓഫീസര്‍ എച്ച്. സഫീര്‍, ജില്ലാ എന്‍ജിനീയര്‍ ഗീത സുദര്‍ശനന്‍, മുഖത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ജോയിന്റ് ബി.ഡി.ഒ രതികുമാരി, വി.ഇ.ഒ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.