അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഓഫ് ലൈൻ രജിസ്ട്രേഷൻ ജൂലൈ ആറ് മുതൽ

post


സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ജൂലൈ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ ജൂലൈ ആറിന് ആരംഭിക്കും. നേരിട്ടുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് പ്രസ് ക്ലബിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.


വനിതാ ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയുടെ സബ് കമ്മിറ്റി യോഗങ്ങൾ ചൊവ്വാഴ്ച മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്നു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ ഇതുവരെയുള്ള പ്രവർത്തനപുരോഗതി യോഗത്തിൽ വിലയിരുത്തി. ടി.വി. ലളിത പ്രഭ, ജാനമ്മ കുഞ്ഞുണ്ണി, കെ. ദീപ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ) ചലച്ചിത്ര അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി സി. അജോയ്, ഭരണസമിതി അംഗങ്ങൾ ആയ പ്രകാശ് ശ്രീധർ, പ്രദീപ് ചൊക്ലി, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി, പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) കെ.ജെ. റിജോയ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.